Recipient : Finu Sherin
ഞാന്‍ ഫിനു ഷെറിന്, 2018 ഒക്ടോബര്‍ 18 ആം തീയതി മൃതസജ്ഞീവനി വഴി പുതു ഹൃദയം ലഭിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവള്‍. 9 ആം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ഹൃദയ സംബന്ധമായ അസുഖം വന്നത്. തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ നിന്നും ICD ഇടുകയും, പിന്നീട് ഒരു വര്‍ഷത്തിന് ശേഷം ഹൃദയം മാറ്റി വയ്ക്കേണ്ട സഹജര്യത്തിലേക്ക് എത്തിചേരുകയും ആയിരുന്നു.
Metromed International cardiac സെന്റര്‍-ല്‍ ഡോ നന്ദകുമാര്‍ സാറിന്റെ ചികിത്സയില്‍ ആയിരുന്ന ഞാന്‍ ഹൃദയം ലഭിക്കാന്‍ വേണ്ടി സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസജ്ഞീവനിയില് രജിസ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. തുടക്കത്തില്‍ വലിയ കുഴപ്പങ്ങള്‍ ഇല്ലാതിരുന്ന എനിക്ക് ഒരു സമയം കഴിഞ്ഞപ്പോള്‍ ആരോഗ്യ സ്ഥിതി മോശമാകുകയും സ്വന്തമായി പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. തുടര്‍ച്ചയായ പുറം വേദനയും ഹൃദയ സ്പന്ദവും കാരണം എനിക്ക് നടക്കാനും സംസാരിക്കാനും കഴിയാതെ വന്നു. കടുത്ത ചുമയും, തലകറക്കവും, ക്ഷീണം, കിടക്കുമ്പോള്‍ ഉള്ള ശ്വാസ തടസം, വേഗത്തിലുള്ള ശ്വസോഛോസം എന്നിവ കാരണം എനിക്ക് സ്കൂള്‍ പഠനം നിര്‍ത്തിവയ്ക്കേണ്ടി വന്നു. പിന്നെ അങ്ങോട്ട് മുഴുവനും ആശുപത്രിയിലായിരുന്നു. ഒന്ന് ദാഹം മാറ്റാന്‍ വെള്ളം കുടിക്കാന്‍ വരെ എനിക്ക് കഴിയാതെയായി. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ഞാന്‍ തുടര്‍ച്ചയായി 6 മാസത്തോളം മെട്രോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. മാനസികമായി ഒരുപാട് തളര്‍ന്ന സമയമായിരുന്നു അത് കേരളത്തില്‍ മരണാന്തര അവയവദാനം കുറഞ്ഞ സാഹചര്യമായതിനാല്‍ മൃതസഞ്ജീവനിയിലൂടെ ഹൃദയം ലഭിക്കാനുള്ള കാത്തിരിപ്പ് നീണ്ടു പോകുകയായിരുന്നു. എന്റെ ജീവന് നിലനിര്‍ത്താന്‍ കഴിയുന്നതും വേഗം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്ന അവസ്ഥ ആയപ്പോള്‍ എന്നെ കേരളത്തില്‍ നിന്നും കര്‍ണാടകയിലെ orgn sharing ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ബാംഗ്ളൂര്‍ നാരായണ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ എന്റെ പ്രായത്തിനും, ശാരീരിക അവസ്ഥയ്ക്കും അനുയോജ്യമായ ദാതാവ് ലഭിക്കാതിരുന്നതിനാല്‍ അവിടെയും 4 മാസത്തോളം കാത്തിരുന്നു.
ഞാന്‍ ബാംഗ്ലുരുവിലെ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് 2018 ഒക്ടോബര്‍ 18 ന് മൃതസജ്ഞീവനി മുഖേന എനിക്ക് അനുയോജ്യമായ ഹൃദയം ലഭ്യമായിട്ടുണ്ടെന്ന് ഡോ നന്ദകുമാര്‍ സാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബാംഗ്ലുരുവില്‍ നിന്ന് പോലീസ് സഹായത്തോടെ 4 മണിക്കൂര്‍ കൊണ്ട് ആംബുലന്‍സില്‍ കോഴിക്കോട് മെട്രോ ആശുപത്രിയില്‍ എത്തിച്ചേരുകയും എനിക്ക് പുതു ഹൃദയം ലഭിക്കുകയും ചെയ്തു.
അപകടത്തില്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വളയനാട് സ്വദേശി വിഷ്ണുവിന്റെ കുടുംബത്തിന്റെ സുമനസ് കൊണ്ട് എനിക്കെന്റെ ജീവിതം തിരികെ ലഭിച്ചു. മേട്രോ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ ആശുപത്രി വിട്ടു. ഏതാണ്ട് ഒരു വര്‍ഷത്തോളം വീട്ടില്‍ വിശ്രമിച്ച ഞാന്‍ മുടങ്ങിപ്പോയ എന്റെ പഠനം പുനഃരാരംഭിച്ചു. എന്റെ ജീവിതത്തില്‍ എനിക്ക് ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് വിചാരിച്ച ഒന്നായിരുന്നു അത്. ഇപ്പോള്‍ പൂര്‍ണമായും സാധാരണ ജീവിതമാണ് ഞാന്‍ നയിക്കുന്നത്. എനിക്കിപ്പോള്‍ ഓടം, ചാടാം, നിര്‍ത്തം ചെയ്യാം; ശാരീരികമായി ഒരു ബുദ്ധിമുട്ടും ഇല്ല. യാത്ര ചെയ്യാന്‍ കഴിയുന്നു. മൃതസഞ്ജീവനി തന്നത് പുനര്‍ജനം എന്ന് പറയാം. ഞാന്‍ എന്റെ ജീവിതത്തിലെ സന്തോഷകരമായ സമയങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോള്‍ +2 കഴിഞ്ഞ് NEET എക്സാമിന് വേണ്ടി തയ്യാറെടുക്കുകയാണ്. എന്റെ ആഗ്രഹങ്ങളെ കീഴടക്കാന്‍ എന്നെ വീണ്ടും ഹൃദയം തന്ന് ജീവിതത്തിലേക്ക് കൊണ്ടുവന്ന എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു.
എനിക്ക് നിങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രമാണ്. എന്നെപോലെ ഒരുപാട് പേര് ഇത്പോലെ കാത്ത് നില്‍ക്കുന്നുണ്ട് കാത്തുനില്‍ക്കുന്നുണ്ട്, അവര്‍ നിങ്ങളുടെ അനുഗ്രഹത്തിനായി മരണശേഷം നശിച്ചുപോകാന്‍ അനുവദിക്കാതെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്കാന് തയ്യാറാകുക. നിങ്ങളിലൂടെ മറ്റുള്ളവര്‍ ജീവിക്കട്ടെ. ഇതിലും കടപ്പെട്ട ഒരു കാര്യം ഇനി ചെയ്യാന്‍ ഉണ്ടാവില്. മരണത്തിന് ശേഷവും നിങ്ങള്‍ ഓര്‍മ്മിക്കപ്പെടും. മറ്റുള്ളവരിലൂടെ നിങ്ങള്‍ക്ക് ജീവിക്കണം. എന്നിലൂടെ വിഷ്ണുച്ചേട്ടന് ജീവിക്കുന്ന പോലെ.
ഫിനു ഷെറിന്